ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ പുതിയ ഔദ്യോഗിക സംവിധാനം പ്രഖ്യാപിച്ച് ഇറാൻ. തിങ്കളാഴ്ചയാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
'പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി' എന്ന പേരിലാണ് പുതിയ ഭരണസംവിധാനം രൂപീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങളും പുതിയ സംഭവവികാസങ്ങളും ഈ അതോറിറ്റിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി ലഭ്യമാക്കുമെന്ന് സുരക്ഷാ സമിതി വ്യക്തമാക്കി. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് നാവികസേനയും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഫലപ്രദമായി തടഞ്ഞിരിക്കുന്ന ഇറാൻ, ഇതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാനാണ് പുതിയ അതോറിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.